Monday

സന്ധിവാതരോഗങ്ങളിൽ തളരാതിരിക്കാം

മനുഷ്യശരീരത്തിലെ സന്ധികളുടെയും മാംസപേശികളുടെയും പ്രവർത്തനങ്ങളെ ബാധിക്കുന്ന വാതരോഗങ്ങളുടെ ചികിത്സാവിഭാഗമാണ് റുമറ്റോളജി. വർഷങ്ങൾക്കു മുമ്പ് തന്നെ അന്താരാഷ്ട്രതലത്തിൽ റൂമറ്റോളജി വികാസം പ്രാപിച്ചു. എങ്കിലും എൺപതുകളുടെ അവസാനത്തോടെയാണ് കേരളത്തിൽ ഈ വിഭാഗം പ്രചാരം നേടുന്നത്. മറ്റ് അനുബന്ധവിഭാഗങ്ങളുമായി ചേർന്ന് പുതിയ ഗവേഷണ പരീക്ഷണങ്ങളിലൂടെ ഇന്ന് റൂമറ്റോളജി രോഗനിർണയത്തിന്റെയും ചികിത്സയുടെയും കാര്യത്തിൽ അതിദൂരം മുന്നോട്ടു പോയിരിക്കുന്നു.

സന്ധിവാതരോഗമെന്നാൽ
പ്രധാനമായും മൂന്നുതരം സന്ധിവാതരോഗങ്ങളാണുള്ളത്.
1. രോഗപ്രതിരോധശേഷിയിലുള്ള വ്യതിയാനങ്ങൾ മൂലം സന്ധികളെ ബാധിക്കുന്ന രോഗങ്ങൾ (ഓട്ടോ ഇമ്മ്യൂൺ ഡിസീസസ്).
2. പ്രായാധിക്യത്താൽ സന്ധികൾക്ക് തേയ്മാനം സംഭവിക്കുന്നതിലൂടെയുള്ള രോഗാവസ്ഥ.
3. മാംസപേശികളിലും മറ്റും ഉണ്ടാകുന്ന വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന രോഗങ്ങൾ.

ഇതിൽ ആദ്യം പറഞ്ഞത് മനുഷ്യന്റെ രോഗപ്രതിരോധശേഷി ശരീരത്തിനെതിരെ തന്നെ പ്രവർത്തിക്കുന്ന ഒരു പ്രത്യേക അവസ്ഥയിൽ ഉണ്ടാകുന്ന രോഗങ്ങളാണ്. അതായത് ജനിതകതകരാറും ജീവിത ചുറ്റുപാടുകളുടെ സ്വാധീനവും നിമിത്തം രോഗ പ്രതിരോധശേഷി ശരീരത്തിനെതിരെ പ്രവർത്തിക്കുകയും അത് സന്ധികളുടെയും മാംസപേശികളുടെയും പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു. ഇതിൽ 'റൂമറ്റോയിഡ് ആർത്രൈറ്റിസ് ' ,കുട്ടികളിൽ കാണുന്ന 'ജുവനൈൽ ഇഡിയോപതിക് ആർത്രൈറ്റിസ് 'എന്നിവ സന്ധികളെ ബാധിക്കുമ്പോൾ 'എസ്.എൽ.ഇ.', 'സക്ലിറോഡെർമ', ജോഗ്രൻസ് സിൻഡ്രോം എന്നിവ സന്ധികളെ മാത്രമല്ല വൃക്ക, ചർമ്മം, തലച്ചോറ്, ഞരമ്പ് എന്നിവയെയും ബാധിക്കുന്നു. കൂടുതലും ചെറുപ്പക്കാരിലും പ്രത്യേകിച്ചും സ്ത്രീകളിലാണ് ഈ രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ഒരേസമയം ഒന്നിലേറെ സന്ധികളെ ഈ രോഗങ്ങൾ ബാധിക്കാറുണ്ട്.

കാൽമുട്ടുകളിലെ തേയ്മാനം മൂലം ഉണ്ടാകുന്ന രോഗമാണ് 'ഓസ്റ്റിയോ ആർത്രൈറ്റിസ് '. കഴുത്തിലെയും മറ്റും സന്ധികളിലെ തേയ്മാനം സെർവിക്കൽ സ്‌പോണ്ടിലോസിസ് എന്ന രോഗാവസ്ഥയും ഉണ്ടാക്കുന്നു. ഇത് പ്രധാനമായും പ്രായം ചെന്നവരിലാണ് കണ്ടുവരുന്നത്. എന്നാൽ ജോലി, ജീവിതരീതി എന്നിവയുമായി ബന്ധപ്പെട്ട് ചെറുപ്പക്കാരിലും ഈ രോഗാവസ്ഥകൾ കണ്ടുതുടങ്ങിയിട്ടുണ്ട്. പ്രമേഹം, രക്തസമ്മർദ്ദം എന്നിവയുള്ള രോഗികളിൽ രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് ക്രമാതീതമാകുകയും അത് സന്ധികളെയും മാംസപേശികളെയും ബാധിക്കുകയും ചെയ്യുന്നു. ഈ രോഗാവസ്ഥയ്ക്ക് 'ഗൗട്ട് ' എന്നാണ് പേര്.

മാംസപേശികളിലും, ലിഗമെന്റുകളിലും ബാധിക്കുന്ന രോഗമാണ് 'ഫൈബോമയാൾജിയ', 'മയോഫേഷ്യൽ പെയിൻസിൻഡ്രോം' എന്നിവ. സന്ധികൾക്കു ചുറ്റുമുള്ള ലിഗമെന്റുകൾ മാംസപേശികൾ, ഞരമ്പുകൾ എന്നിവയെയാണ് ഈ രോഗം ബാധിക്കുന്നത്. ദൈനംദിന ജോലികളുമായി ബന്ധപ്പെട്ടോ, മാനസിക സമ്മർദ്ദം നിമിത്തമോ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ അസ്വസ്ഥതകളാണ് ഈ രോഗാവസ്ഥയ്ക്ക് പ്രധാനകാരണം.

രോഗനിർണയം
മറ്റെല്ലാ രോഗികളെയും പോലെതന്നെ റുമറ്റോളജി സംബന്ധമായ ചികിത്സയ്ക്കും രോഗനിർണയം അതീവ പ്രാധാന്യമുള്ളതാണ്.'നേരത്തെ കണ്ടെത്തി ചികിത്സിക്കു' എന്നാണ് സന്ധിവാത രോഗചികിത്സയിലെ ആപ്തവാക്യം. സന്ധികളിലെയും മാംസപേശികളിലെയും കാൽമുട്ടുകളിലെയും കഠിനമായ വേദനതന്നെയാണ് പ്രധാന ലക്ഷണം. അമിതമായ ക്ഷീണം, തൂക്കക്കുറവ്, ഇടവിട്ട് വരുന്ന പനി എന്നിവ സന്ധിവാത രോഗങ്ങളുടെ ലക്ഷണങ്ങളാകാം. രോഗം ഉറപ്പിക്കുന്നതിനായും, തുടർന്ന് ചികിത്സ തീരുമാനിക്കുന്നതിനുമായി രക്തപരിശോധനകളും, എക്സ്‌റേ, എം.ആർ.ഐ, അൾട്രാസൗണ്ട് തുടങ്ങിയ ഉപായങ്ങളും വേണ്ടിവന്നേക്കാം.

ചികിത്സാരീതികൾ
രോഗം സ്ഥിരീകരിച്ചാൽ റൂമറ്റോളജി വിദഗ്ദ്ധന്റെ നിർദേശാനുസരണം മരുന്നുകൾ തുടങ്ങാവുന്നതാണ്. എന്നാൽ നേരത്തെ രോഗനിർണയം നടക്കാതിരിക്കുകയും സ്വയം ചികിത്സയുടെ ഭാഗമായുള്ള വേദന സംഹാരികൾ അമിതമായി ഉപയോഗിക്കുകയും ചെയ്യുന്നത് രോഗികളെ കൂടുതൽ അവശരാക്കുകയും തുടർചികിത്സയെ സങ്കീർണമാക്കുകയും ചെയ്യും. ആദ്യം സൂചിപ്പിച്ച രോഗപ്രതിരോധശേഷി ശരീരത്തിനെതിരെ തന്നെ പ്രവർത്തിക്കുന്ന രോഗാവസ്ഥ (ഓട്ടോ ഇമ്മ്യൂഡിസീസ്) കൂടുതലും ചെറുപ്പക്കാരിലാണ് കണ്ടുവരുന്നത്. രോഗാരംഭത്തിൽ ഉണ്ടാകുന്ന ചെറിയ വേദനയും വീക്കവും അവഗണിച്ചാൽ അവ ബാധിച്ച സന്ധികളിൽ സ്ഥായിയായി നാശം ഉണ്ടാക്കും. വൃക്ക, ശ്വാസകോശം തുടങ്ങി ഹൃദയത്തെവരെ ബാധിക്കുന്ന ഗുരുതരമായ രോഗാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യും.

ഡോക്ടറുടെ നിർദ്ദേശാനുസരണമുള്ള കൃത്യമായ മരുന്നുകളുടെ ഉപയോഗം, ഒട്ടുമിക്ക രോഗാവസ്ഥയിലും ആശ്വാസം നൽകും. വേദന സംഹാരികളുടെ അമിതമായ ഉപയോഗം ഒഴിവാക്കിയുള്ള ചികിത്സാരീതിയാണ് നിലവിലുള്ളത്. മരുന്നുകൾക്ക് അനുബന്ധമായി ജീവിതശൈലിയിലുള്ള മാറ്റങ്ങൾ, ഭക്ഷണ പുനക്രമീകരണം വ്യായാമം, ഫിസിയോതെറാപ്പി തുടങ്ങിയവയും രോഗികൾക്ക് ആശ്വാസമേകും.

രോഗാവസ്ഥ മനസിലാക്കിക്കഴിഞ്ഞാൽ റുമറ്റോളജി വിദഗ്ദ്ധന്റെ നിർദ്ദേശാനുസരണം ഒട്ടും ഭയപ്പെടാതെ മരുന്നുകൾ ഉപയോഗിക്കുകയും ജീവിതത്തിൽ അച്ചടക്കം പാലിക്കുകയും ചെയ്താൽ എല്ലാ സന്ധിവാത രോഗങ്ങളെയും നിയന്ത്രണത്തിലാക്കാം. സന്ധിവാതരോഗികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ റുമറ്റോളജിക്ക് പ്രാധാന്യമേറുകയും റുമറ്റോളജി വിഭാഗങ്ങൾക്ക് ഉത്തരവാദിത്വം വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

ഡോ. വിഷാദ് വിശ്വനാഥ്
കൺസൾട്ടന്റ് റുമറ്റോളജിസ്റ്റ് ആൻഡ് ക്ലിനിക്കൽ ഇമ്മ്യൂണോളജിസ്റ്റ്
അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് സെന്റർ, തിരുവനന്തപുരം